Monday, October 25, 2010

പ്രണയിനി ...

നാട്ടുവഴിയോരത്തു, നാട്ടുമാവിന്‍ ചോട്ടിലായ്
നാലുമണി നേരത്തു കാത്തു നിന്നു ഞാനെന്റെ
നാണംകുണുങ്ങിയെ കാത്തു നിന്നു...

പച്ചപ്പാവാടയും ദാവണിയും ചുറ്റി നീയൊരു
പഞ്ചവര്‍ണ്ണക്കിളിയായ് വന്നിടുമ്പോള്‍
എന്റെ ഹൃദയകവാടത്തില്‍ മുട്ടിടുമ്പോള്‍
വിരിയുന്നൊരായിരം താമരപ്പൂക്കളെന്‍
ഹൃദയസരസ്സിലെ നീലജലാശയത്തില്‍...

പരിഭവമൂറുന്ന മിഴികളുയര്‍ത്തി നീ
പതിയെയെന്‍ കാതിലൊന്നുരിയാടവെ
പണ്ടു ഞാന്‍ കേട്ടൊരു പ്രണയഗാനത്തിന്റെ
പല്ലവിയെന്നില്‍ പെയ്തിറങ്ങി...
ഞാന്‍ പ്രണയവിവശനായതിലലിഞ്ഞു....

ഒരു നറുപുഞ്ചിരിയേകിനീയന്നെന്റെ
ചാരത്തുനിന്നും ഓടിയകലുന്നനേരം..
ഓര്‍മ്മ തന്‍ തീരത്തു വീണ്ടുമണയുന്നെന്‍
ഓര്‍മ്മയിലുള്ളൊരാ പ്രണയഗാനം
ആരും കൊതിക്കുന്നൊരാ പ്രണയഗാനം

"അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരുമാത്ര വെറുതെ കൊതിച്ചുപോയ്..
ഞാനൊരുമാത്ര വെറുതെ കൊതിച്ചുപോയ്...."

Tuesday, October 19, 2010

അമ്പാടിക്കണ്ണന്‍

ആലിലക്കണ്ണാ...വാ..വാ...
അമ്പാടിക്കണ്ണാ...വാ..വാ...
കുന്നിക്കുരു കൂട്ടാന്‍ വാ..വാ..
എന്‍ നെഞ്ചത്തില്‍ കളിയാടാന്‍ വാ..വാ.. (ആലില...

ഗോകുലമാതയ്ക്ക് ആനന്ദമേകാന്‍
കുഞ്ഞിച്ചുവടാടും കണ്ണാ..വാ..
കാളിയശിരസ്സില്‍ താണ്ഡവമാടും
കാര്‍മുകില്‍ വര്‍ണ്ണാ...വാ..വാ..
കാര്‍മുകില്‍ വര്‍ണ്ണാ...വാ..വാ.. (ആലില...

യാദവകുലത്തിനു ഗോവര്‍ദ്ധനക്കീഴില്‍
അഭയം നല്‍കിയ ഭഗവാനെ...
ഈലോകരക്ഷയ്ക്കൊരു ഗോവ്വര്‍ദനമായ്
പാരിന്‍ മുകളില്‍ നിറഞ്ഞീടണെ....ദേവാ...
പാരിന്‍ മുകളില്‍ നിറഞ്ഞീടണെ.... (ആലില...

Tuesday, October 12, 2010

ഒരുവട്ടി തുമ്പപ്പൂ ...

തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..
അത്തം തൊട്ടിനി പത്തുദിനങ്ങള്‍
എന്നും പൂക്കളമൊരുക്കേണം..
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

ചേച്ചിക്കുണ്ടൊരു പൂക്കൂട..
എനിക്കുമുണ്ടൊരു പൂക്കൂട..
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഞങ്ങളൊരുക്കും കളത്തിനായ്
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

തെച്ചിയും തന്നു ജെമന്തിയും തന്നു
കൂടനിറയെ പൂക്കളെനിക്കു..
തുളസിയും കിട്ടി മാവിലയും
ഇനിയൊരു ശുഭനിറം വേണമെങ്കില്‍
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

ഓണത്തപ്പനെയെതിരേക്കാന്‍
പടിപ്പുരമുതലിങ്ങോട്ടു..
പൂമുഖവാതിലിലെത്തിനിക്കും..
വെള്ള വിരിച്ചൊരു വഴിവേണേല്‍
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

ഓണത്തപ്പനിരിക്കനായ്..
പീഠമതൊന്നൊരുക്കുമ്പോള്‍
അരികില്‍ നന്മ വിതറുന്ന..
തുമ്പപ്പൂക്കളമൊരുക്കനായ്..
തുമ്പെ തുമ്പെ നീയെനിക്കു
നാളെയൊരു വട്ടി പൂ തരണെ..

Tuesday, October 5, 2010

ശങ്കരമഹാദേവാ...

ലോകനന്മയ്ക്കായ് കാളകൂടത്തെ
മൃഷ്ടാന്നമാക്കിയ ഭഗവാനെ....
അന്നദാനപ്രഭുവല്ലെ നീ...
യെനിക്കന്നമുണ്ടീടുവാന്‍ കനിവേകണെ....(ലോകനന്മ...

കലികാല കാഠിന്യമെന്തെന്നറിയാതെ...
കാലം കഴിക്കുന്നീ മൂഢജന്മം....
ഇന്ദുകലാധരാ നിന്‍ തങ്കപ്രഭയാലെന്‍
കലികാലദോഷം നീക്കിടണെ....(ലോകനന്മ...

അഹങ്കാരഗോപുരക്കോട്ടകള്‍ കെട്ടി
യതിനുള്ളില്‍ വാഴുന്നീ മര്‍ത്യജന്മം..
ശൈലാദ്രിനാഥാ നിന്‍ തൃക്കണ്‍ തുറന്നെന്നെ
പാപമോക്ഷം നല്‍കി കാത്തിടണെ.....(ലോകനന്മ...

Friday, October 1, 2010

മഴവില്ലുപോലൊരു ബാല്യകാലം.....

ഓണനിലാവത്തു ഒന്നിച്ചിരിക്കനായ്
ഓര്‍മ്മകളോരോന്നു പങ്കിടാനായ്
ഓടിയെത്തുമെന്‍ ബാല്യസഖിയെ
ഒരുവേള ഞാന്‍ നോക്കിനിന്നു...
ഒരു വാക്കു മിണ്ടുവാനായ് കാത്തുനിന്നു...

പറയുവാനൊരുപാടു കാര്യങ്ങളുണ്ടേലും
പറയുവാനാവതെ നോക്കിനിന്നു..
പിന്നെയാ മിഴികള്‍ നിറയുന്നതും ഞാനറിഞ്ഞു..
പാദങ്ങള്‍കൊണ്ടുനീ കോറിയ ചിത്രങ്ങള്‍
പറയുന്നൊരായിരം പരിഭവങ്ങള്‍....

ഉത്രാടനാളിള്‍ കൂട്ടരോടൊത്തു നാം
ഊഞ്ഞാലിലാടിയതും പിന്നെ
ഉച്ചവെയിലത്തു തളര്‍ന്നുവന്നാ..
ഉമ്മറകോലായില്‍ മയങ്ങിയതും..
ഉണ്ടൊരുപാടൊര്‍മ്മകളിന്നുമെന്‍ മനസ്സിനുള്ളില്‍..

തിരുവോണനാളിലെ പൊന്‍പുലരിയില്‍...
തിളങ്ങുന്ന കുപ്പായമിട്ടന്നു നീയൊരു
തുമ്പിയെപ്പോലെന്‍ ചാരത്തണഞ്ഞതും
താമരമിഴികളുയര്‍ത്തി നീയെന്‍ ഹൃദയത്തിലന്നു
തംമ്പുരു മീട്ടയതും ഓര്‍ത്തിടുന്നു സഖീ....

ഒന്നായ് തീരുവാനന്നു നമ്മള്‍
ഒട്ടേറെ മനസ്സില്‍ കൊതിച്ചിരുന്നു...
ഒന്നുരിയാടാതെ ഒരോണനാളില്‍..
ഒരു കിളി മാത്രം പറന്നുപോയി..
ഒര്‍ക്കുക മറുകിളിയിന്നും തനിച്ചുതന്നെ.....

എങ്കിലുമിന്നുനീ ചാരത്തണയുമ്പോള്‍
അറിയാതെ മനസ്സില്‍ പറഞ്ഞുപോയി..
കാലങ്ങള്‍ മാറുന്നിന്നെത്ര വേഗം...
കോലങ്ങള്‍ അഴിയുന്നിന്നെത്ര വേഗം...
മാറത്തതൊന്നുമെ മനസ്സില്‍ പതിഞ്ഞൊരു..
മഴവില്ലുപോലൊരു ബാല്യകാലം.....