Tuesday, February 15, 2011

മുറിവേറ്റു വീണൊരു മാന്‍പേടയ്ക്ക് ...!

രാവേറുന്നു രാക്കിളികള്‍ കൂടണയുന്നു
നിദ്ര തേടി ഞാന്‍ മാത്രമിന്നലഞ്ഞിടുന്നു
മുറിവേറ്റു വീണൊരു മാന്‍പേടയെപേറി
ഉരുകുന്നൊരു മനവും നിറയുന്ന മിഴികളുമായ്

ഒരു കുഞ്ഞുശലഭമായ് പാറിനടന്നവള്‍
ഒരു നറുപുഷ്പമായി സുഗന്ധം പകര്‍ന്നവള്‍
ഒന്നിനുമാവാതെ ഒന്നുരിയാടാതെയിന്നൊരു
കടലാസ്സു പൂ പോലെ വീണുകിടക്കുന്നു

മന്ദസ്മിതം തൂകിയെന്നുമോടിയടുക്കുന്ന
മനസ്സില്‍ മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ പേറുന്ന
പാവമീ മാന്‍പേടയിന്നേതോ വേടന്റെ
ദിശതെറ്റി വന്നൊരു ശരമേറ്റു വീണുപോയ്‌

ഒരിക്കലും കാണാത്ത കുഞ്ഞനിയത്തി
നീ പേറും നോവിന്റെയാഴമറിഞ്ഞിന്നു-
രുകുന്നെന്‍ ഹൃദയത്തില്‍ നിന്നുയരുന്ന
തേങ്ങലുമായ് പ്രാര്‍ഥിച്ചിടുന്നു നിനക്കു വേണ്ടി...

1 comment:

  1. നന്നായി :)
    ഷൊര്‍ണൂര്‍ സംഭവമാണോ പ്രചോദനം?

    [co="red"]Commentbox color testing:
    കമന്റ്ബോക്സിനു വേഡ്‌വെരി വേണോ?[/co]

    ReplyDelete