കൊടിയേറ്റിനായി ക്ഷേത്രമൊരുങ്ങീ...
കൊടിതോരണങ്ങളെങ്ങും നിറഞ്ഞൂ..
കുലവാഴപ്പുറപ്പാടിന്നോർമ്മതൻ തീരത്ത്
കണ്ണുനീരണിഞ്ഞുഞാനൊരുവേളയെന്റെ
ഭഗവാനെയോർത്തു നിന്നുപോയി, ഞാൻ
സ്വയമറിയാതെ നിന്നുപോയി …
പന്ത്രണ്ടുരാവുകളിനിയെന്നും ഭഗവാനു
പതിവായി നിദ്രാവിഹീനമല്ലോ …
ഭക്തർക്കതാഘോഷ രാവുകളല്ലോ ..
ആരാവിലലിയുവാൻ കൊതിയേറെയിന്നെ-
നിക്കുണ്ടതിനാവതില്ലെന്നറിയാകിലും ശംഭോ ..
അഷ്ടമിദർശന പുണ്യവും പിന്നെയാ
വലിയവിളക്കിൻ നിറക്കാഴ്ച്ചയത്രയും
അന്യമായ് തുടരുന്നെനിക്കിന്നുമതോർക്കുമ്പോൾ
അറിയാതെ നിറയുന്നു മിഴികൾവീണ്ടും
അഞലീബദ്ധനായ് നിന്നിടുന്നൂ ഞാൻ
ആറാട്ടുപൂരവും കഴിഞ്ഞെന്റെ ദേവൻ
ആലസ്യമോടെ ശയിച്ചിടുമ്പോൾ
അവിടുത്തെ ദർശനപുണ്യം നേടുവാൻ
അടുത്തൊരു വൃശ്ചികനാളുകൾക്കായി ഞാൻ
അക്ഷമയോടെ കാത്തിരിക്കുന്നെൻ വിഭോ ..
No comments:
Post a Comment